ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കണ്ണൂര്‍ ജില്ലയുടെ വടക്കു കിഴക്കു ഭാഗത്ത്  കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ കുടക് മലനിരകളുടെ താഴ്‌വാരത്തായി  സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമ പഞ്ചായത്താണ് പായം. സ്വാതന്ത്രത്തിനു ശേഷം പഴയ മലബാര്‍ ജില്ലയിൽ  1954-നവംബര്‍ 10-ാം തീയതിയാണ് പായം ഗ്രാമ പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. ജലസമ്പത്ത് കൊണ്ടും വശ്യഭംഗികൊണ്ടും അനുഗ്രഹീതമാണ് പായം പഞ്ചായത്ത് . കൂര്‍ഗ്ഗ് വനാന്തരങ്ങളിൽ നിന്നും  ഉത്ഭവിച്ച് പായത്തിന്‍റെ കിഴക്കെ അതിര്‍ത്തി പങ്കിട്ട് തഴുകി ഒഴുകി  കല്ലുമുട്ടി-ഇരിട്ടി പോലീസ് സ്റ്റേഷനു മുന്‍വശം  എത്തിച്ചേരുന്ന ബാരപ്പുഴ, കൊട്ടിയൂര്‍ വനമേഖലയിൽ നിന്ന് ഉത്ഭവിച്ച് പായം വഴി ശാന്തമായി ഒഴുകി വരുന്ന ബാവലി പുഴയോട് സംഗമിച്ച് പഴശ്ശി ജലസേചന പദ്ധതിയുടെ ജലസംഭരണിയായി  പായത്തെ ഒരു ഉപദ്വീപായി  മാറ്റിയിരിക്കുന്നു. പ്രസിദ്ധ തമിഴ് കവി തിരുവള്ളുവരുടെ * തിരുക്കുറകളിലും, ബ്രിട്ടീഷ് ഭരണത്തില്‍ മലബാർ  കലക്ടറായിരുന്ന വില്യം ലോഗന്‍റെ മലബാര്‍ മാന്വലിലും പായത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഉപദ്വീപ് എന്നര്‍ത്ഥമുള്ള *പയദി* എന്ന ചെന്തമിഴ് പദം കാലക്രമത്തില്‍ *പയം* എന്നും പിന്നീട് പായം എന്നും രൂപാന്തരപ്പെട്ടു.
           31.21ച.കി വിസ്തീര്‍ണ്ണുള്ള പായം ഗ്രാമപഞ്ചായത്ത് കുന്നിന്‍മേടുകൾ , താഴ്‌വാരങ്ങൾ , സമതലങ്ങള്‍ എന്നിവയാല്‍ അനുഗ്രഹീതമായ ഒരു ഭൂപ്രദേശമാണ്. കിഴക്ക് അയ്യന്‍കുന്ന്, ആറളം, വടക്ക് ഉളിക്കല്‍ പടിഞ്ഞാറ് പടിയൂര്‍, തെക്ക് മുഴക്കുന്ന് എന്നീ ഗ്രാമ പഞ്ചായത്തുകളും ഇരിട്ടി മുനിസിപാലിറ്റിയുമായും അതിരുകള്‍ പങ്കിടുന്നു.
           ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ നിര്‍മ്മിച്ച തലശ്ശേരി-കൂര്‍ഗ്ഗ് അന്തർ സംസ്ഥാന പാത സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ചരിത്ര പ്രാധാന്യമുള്ള റോഡാണെങ്കിലും അതിര്‍ത്തിയിലെ ജനവാസമില്ലാത്ത കുടക് വനമേഖല ഇരുസംസ്ഥാനത്തേയും ജനങ്ങൾ തമ്മിലുള്ള ഭാഷാ സാംസ്കാരിക സങ്കലനത്തിന് തടസം സൃഷ്ടിക്കുന്നു. അന്യസംസ്ഥാനങ്ങളുമായി അതിര് പങ്കിടുന്ന കാസര്‍ഗോഡ്, പാലക്കാട് ഇടുക്കി, തിരിവനന്തപുരം തുടങ്ങിയ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നില നിൽക്കുന്ന ഭാഷാ സങ്കലനം പോലും ഇതിനെ തുടര്‍ന്ന് ഇവിടെ ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ടി വന്നിരിക്കുന്നു. *ഗേറ്റ് വേ* ആയ കൂട്ടുപുഴ ടൗണിന്‍റെ വികസന മുരടിപ്പിനും അതിര്‍ത്തി പ്രദേശത്തെ നിബിഡമായ ഈ വനപ്രദേശം ഒരു ഹേതുവാണ്.
           ജന്മി-നാടുവാഴി വാഴ്ചയുടേയും ജാതീയമായ ഉച്ച നിചത്വങ്ങളുടേയും തിക്ത ഫലങ്ങള്‍ അനുഭവിച്ച ഒരു ജനതയുടെ തീഷ്ണാനുഭവമാണ് പായത്തിന് പറയാനുള്ളത്. ജന്മിത്വത്തിന്‍റെ ക്രൂരതകളായ വാരം, പാട്ടം, വാശി, ഉരിവെച്ചു കാണല്‍, ശീലക്കാശ് എന്നിവയും അയിത്തം, തീണ്ടല്‍, തൊടീല്‍ എന്നീ അനാചാരങ്ങള്‍ക്ക് എതിരേയും ധീരദേശാഭിമാനികള്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ടത്തിന്‍റേയും ത്യാഗത്തിന്‍റേയും ചരിത്ര കഥകള്‍ പായത്തിന്‍റെ മണ്ണില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. 1948 ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ അടച്ച സേലം ജയിലില്‍ നടത്തിയ വെടിവെപ്പില്‍ സ്വജീവൻ നാടിന് വേണ്ടി ബലിയര്‍പ്പിക്കേണ്ടി വന്ന ധീര രക്തസാക്ഷികൾ സര്‍വ്വശ്രീ. എം.കെ. കോരന്‍ഗുരുക്കൾ, മൈലപ്രവന്‍ നാരായണന്‍ നമ്പ്യാർ , ഞണ്ടാടി കുഞ്ഞമ്പു, വി.സി. കുഞ്ഞിരാമന്‍ നായർ, എടവന കുഞ്ഞുരാമന്‍ നമ്പ്യാർ, കുറ്റ്യാടന്‍ നാരായണന്‍ നമ്പ്യാർ എന്നിവര്‍ അണയാത്ത രക്ത നക്ഷത്രങ്ങളായി ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.
         സ്വാതന്ത്രസമര പ്രസ്ഥാനത്തിന്‍റേയും, കമ്യൂണിസ്റ്റ് കര്‍ഷക മുന്നേറ്റങ്ങളുടേയും ഒപ്പം നീങ്ങിയ ചരിത്ര പാരമ്പര്യം ഈ നാടിനുണ്ട്. മദ്രാസ് സ്റ്റേറ്റ് അസംബ്ലിയില്‍ മട്ടന്നൂർ ഫര്‍ക്കയെ പ്രതിനിധീകരിച്ച് ശ്രീ. കല്ലോറത്ത് മാധവൻ നമ്പ്യാര്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ്  മെമ്പറായിരുന്ന ശ്രീ. കല്ലോറത്ത് നാരായണന്‍ നമ്പ്യാര്‍ പായം പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡണ്ട് ശ്രീ. കല്ലോറത്ത് ഗോപാലന്‍ നമ്പ്യാര്‍ എന്നീ മണ്‍മറഞ്ഞ നേതാക്കള്‍ സ്വാതന്ത്ര സമര പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് നേതാക്കളായി വളര്‍ന്നു വന്നവരാണ്. ജന്മം കൊണ്ട് ജന്മികുടുംബത്തിലായിരുന്നെങ്കിലും കര്‍മ്മംകൊണ്ട് നിസ്വപക്ഷത്ത് നിലയുറപ്പിച്ച ഈ മഹാത്മാക്കളെ *കല്ലോറത്ത് സഹോദരന്മാര്‍* എന്നാണ് വിളിച്ചിരുന്നത്. ജന്മി കുടുംബത്തില്‍ പിറന്ന കര്‍ഷക പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കനകത്തടത്തില്‍ മാധവന്‍ നമ്പ്യാര്‍, മലബാര്‍ കുടിയേറ്റ കാലത്ത് ഇവിടെയെത്തി കര്‍ഷകരേയും തൊഴിലാളികളേയും സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി ദീര്‍ഘകാലം പഞ്ചായത്ത് മെമ്പറും പ്രസിഡണ്ടുമായിരുന്ന ശ്രീ. കെ.പി. ശ്രീധരൻ എന്നിവരേയും ആവേശത്തോടുകൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളു.
       പായം ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം കുടിയേറ്റത്തിന്‍റെ ചരിത്രം  കൂടിയാണ്. 1948 കളിൽ ആരംഭിച്ച  കര്‍ഷക കുടിയേറ്റം പ്രധാനമായും വിളമന റവന്യു വില്ലേജിലെ മലയോര കേന്ദ്രങ്ങളിലാണ് കേന്ദ്രീകരിച്ചത്. ഇതേ കാലഘട്ടത്തില്‍ കൃസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രേക്ഷിത പ്രവര്‍ത്തനങ്ങൾ പഞ്ചായത്തിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് അടിത്തറ പാകി. 1964 ല്‍ കിളിയന്തറയിൽ ആരംഭിച്ച സെന്‍റ്.തോമസ്സ് ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യ ഹൈസ്കൂള്‍. ഇന്നത് ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. കുന്നോത്ത് സ്ഥാപിതമായിട്ടുള്ള സെന്‍റ്. ജോസഫ് യു.പി. സ്കൂളും , ഹൈസ്കൂളും കൃസ്ത്യൻ സഭാ നേതൃത്വം മലയോര ജനതയ്ക്ക് നല്‍കിയ കെടാവിളക്കാണ്. ഈ വിദ്യാലയവും ഇന്ന് ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
              ഇന്നത്തെ അവസ്ഥയില്‍ വിദ്യാലയങ്ങള്‍ സ്ഥാപിതമായി വരുന്നതിന് മുമ്പ് തന്നെ നാട്ടിലാകെ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അക്ഷരാഭ്യാസം ഇല്ലാത്ത ജനങ്ങളിൽ അറിവിന്‍റെ വെളിച്ചം പകരാൻ നിലത്തെഴുത്ത് ആശാന്മാരുടെ *കുടിപ്പള്ളിക്കൂടങ്ങള്‍* വലിയ ചലനങ്ങളുണ്ടാക്കി. ശ്രീ നാരായണഗുരുദേവന്‍റേയും, അയ്യങ്കാളിയുടേയും എല്ലാം ദര്‍ശനങ്ങൾ ഈ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടി. പായം, വട്ട്യറ, പെരുമ്പറമ്പ്, വിളമന സ്കൂളുകളുടെ ചരിത്രത്തിന്‍റെ പൂര്‍വ്വാര്‍ദ്ധം ഇവയുമായി ബന്ധപ്പെട്ടതാണ്.
                പുരാതന ക്ഷേത്ര സമുച്ചയങ്ങളുടേയും ചരിത്രാവിഷ്ടങ്ങളുടേയും ഒരു കലവറ കൂടിയാണ് ഈ പഞ്ചായത്ത്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാന്‍ കഴിയുന്ന അവശിഷ്ടങ്ങൾ ഈ പഞ്ചായത്തിന്‍റെ യഥാര്‍ത്ഥ സാംസ്കാരിക പഴമ വിളിച്ചോതുന്നു.
         ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വള്ളിത്തോട് ആനപ്പന്തിക്കവലയിലുള്ള മരം ഡിപ്പോയിൽ കര്‍ണ്ണാടക ഫോറസ്റ്റിലെ നിലമ്പുഴ എന്ന സ്ഥലത്ത് നിന്നും മരങ്ങൾ ട്രാംവേ ലൈന്‍ വഴി എത്തിച്ച് ചങ്ങാടം കെട്ടി ബാരപുഴയിലൂടെ വളപട്ടണം പുഴ വഴി വളപട്ടണം  മരമില്ലുകളിൽ എത്തിച്ചിരുന്ന ചരിത്രം ഇവിടെയുണ്ട്. പ്രസ്തുത ട്രാംവേ ലൈന്‍ 1899 ലെ വെള്ളപ്പൊക്കത്തിൽ തകരുകയും ചെയ്തു. ബ്രിട്ടീഷ് -ദമ്പതികൾ  നീലമ്പുഴയിള്ള അവരുടെ ബംഗ്ലാവില്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി എന്നാണ് ചരിത്രം. ആ ബംഗ്ലാവിന്‍റെ  അവശിഷ്ടം അവിടേയും ട്രാംവേ ലൈനിന്‍റെ അവശിഷ്ടം ഇവിടേയും കാണാൻ കഴിയും. വ്യാപര രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും പ്രശസ്തരായ മന്ദമ്പേത്ത് അബ്ദുല്ല ഹാജി, കുനിയില്‍ മമ്മു ഹാജി, പക്കറ ഹാജി, മിനിക്കല്‍ കാദര്‍ഹാജി, കുനിയില്‍ ഇസഹാജി, സാമുഹിക സാംസ്കാരിക രംഗത്ത് പ്രശസ്തരായ വെള്ളുവക്കണ്ടി പൈതൽ, മാവിലോടന്‍ കുഞ്ഞിരാമൻ, വട്ടംതൊട്ടി കുഞ്ഞൂഞ്ഞ്, കുട്ടപ്പന്‍ വൈദ്യർ , സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രശസ്തരായ റവ.ഫാ. തോമസ്സ് പള്ളത്ത്ക്കുഴി, റവ. ഫാ. മാത്യു മണ്ണുകുശുമ്പിൽ, ജോര്‍ജ്ജ് മുണ്ടയാനിക്കൽ, ആഗസ്തി നടക്കൽ, മണ്ണനാൽ വിന്‍സന്‍റ്, ആന്‍റണി കുന്നപ്പള്ളി, ജോസഫ് മടുക്കക്കുഴി, സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വട്ടംതൊട്ടിയിൽ  കുര്യാക്കോസ്, സാമൂഹ്യ പ്രവര്‍ത്തകരായ പാടിക്കൽ മാത്യു, എടൂരിലുള്ള വര്‍ഗ്ഗീസ് റൈട്ടർ , നീങ്കിലേരി വലിയ നാരായണന്‍കുട്ടി നമ്പ്യാർ, എസ്. ആര്‍ ബി.എസ്. മാനേജര്‍ സി.റ്റി. രാമന്‍ നമ്പ്യാർ എന്നിവര്‍ ഈ പഞ്ചായത്തിന്‍റെ ബഹുമുഖമായ രംഗത്ത് ശോഭിച്ചവരില്‍ ചിലര്‍ മാത്രമാണ്.